Sun, 7 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Rain Shelters

Palakkad

റ​ബർതോ​ട്ട​ങ്ങ​ളി​ൽ മഴമറ സ്ഥാ​പി​ക്ക​ൽ സ​ജീ​വം; പ്ലാ​സ്റ്റി​ക്കി​നും പ​ശ​യ്ക്കും വി​ല​ക്ക​യ​റ്റം

നെ​ന്മാ​റ: മ​ഴ​ക്കാ​ല​ത്തും റ​ബ​ർ ടാ​പ്പിം​ഗ് ത​ട​സ​മി​ല്ലാ​തെ ന​ട​ത്തു​ന്ന​തി​നാ​യി റ​ബ​ർ മ​ര​ങ്ങ​ളി​ൽമഴമറ സ്ഥാ​പി​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മേ​ഖ​ല​യി​ലെ തോ​ട്ട​ങ്ങ​ളി​ൽ സ​ജീ​വ​മാ​യി. ഉ​ത്പാ​ദ​ന ചെ​ല​വ് വ​ർ​ധി​ച്ചി​ട്ടും റ​ബ​ർ വി​ല​യി​ൽ ഉ​ണ്ടാ​യ മു​ന്നേ​റ്റ​വും വ​രും മാ​സ​ങ്ങ​ളി​ൽ വി​പ​ണി കൂ​ടു​ത​ൽ സ​ജീ​വ​മാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യും ക​ർ​ഷ​ക​രെ റെ​യി​ൻ ഗാ​ർ​ഡ് സ്ഥാ​പി​ക്കു​ന്ന​തി​നാ​യി പ്രേ​രി​പ്പി​ക്കു​ക​യാ​ണ്. എ​ന്നാ​ൽ പ്ലാ​സ്റ്റി​ക്, പ​ശ തു​ട​ങ്ങി​യ സാ​മ​ഗ്രി​ക​ളു​ടെ വി​ല​ക്ക​യ​റ്റ​വും തൊ​ഴി​ലാ​ളി​ക​ളു​ടെ ല​ഭ്യ​ത​ക്കു​റ​വും ക​ർ​ഷ​ക​ർ​ക്ക് അ​ധി​ക​ഭാ​ര​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.

ഒ​രു മ​ര​ത്തി​ൽ പ്ലാ​സ്റ്റി​ക് ഷീ​റ്റ്, പ​ശ, ടേ​പ്പ്, ക്ലി​പ്പ് എ​ന്നി​വ ഉ​ൾ​പ്പെ​ടെ​യു​ള്ള സാ​മ​ഗ്രി​ക​ൾ സ്ഥാ​പി​ക്കാ​ൻ ഏ​ക​ദേ​ശം 50 രൂ​പ​യോ​ളം ചെ​ല​വാ​കു​മെ​ന്ന് ക​ർ​ഷ​ക​ർ പ​റ​യു​ന്നു. ഇ​തി​ന് പു​റ​മെ തൊ​ഴി​ലാ​ളി​ക​ളു​ടെ കൂ​ലി​യും ന​ൽ​കേ​ണ്ടി​വ​രു​ന്ന​തി​നാ​ൽ വ​ലി​യ തോ​ട്ട​ങ്ങ​ളു​ള്ള​വ​ർ​ക്ക് ഗ​ണ്യ​മാ​യ തു​ക​യാ​ണ് ഇ​തി​നാ​യി ചെ​ല​വാ​കു​ന്ന​ത്. മ​ഴ​യ്ക്ക് മു​മ്പാ​യി റെ​ഡി​മെ​യ്ഡ് റെ​യി​ൻ ഗാ​ർ​ഡു​ക​ൾ, ഞൊ​റി ഉ​പ​യോ​ഗി​ച്ച് മ​ര​ങ്ങ​ളി​ൽ ഒ​ട്ടി​ക്കു​ന്ന പ്ര​ത്യേ​ക പ്ലാ​സ്റ്റി​ക് ഷീ​റ്റു​ക​ൾ, ടാ​ർ നി​ർ​മി​ത പ​ശ, ടേ​പ്പ്, സ്റ്റാ​പ്ല​ർ ക്ലി​പ്പു​ക​ൾ തു​ട​ങ്ങി​യ​വ വാ​ങ്ങി ത​യ്യാ​റെ​ടു​പ്പു​ക​ൾ ന​ട​ത്തു​ക​യാ​ണ് ക​ർ​ഷ​ക​ർ. പ്ലാ​സ്റ്റി​ക് ഷീ​റ്റ് സ്ഥാ​പി​ക്കു​ന്ന​തി​ന് ഒ​രു മ​ര​ത്തി​ന് 15 മു​ത​ൽ 17 രൂ​പ​വ​രെ കൂ​ലി ന​ൽ​കേ​ണ്ടി​വ​രു​ന്നു.

വെ​ട്ടു​പ​ട്ട​യ്ക്ക് മു​ക​ളി​ലു​ള്ള ഭാ​ഗ​ത്തെ തൊ​ലി വൃ​ത്തി​യാ​ക്കി പ​ശ തേ​ച്ച​ശേ​ഷം ഞൊ​റി വെ​ച്ച് പ്ലാ​സ്റ്റി​ക് ഷീ​റ്റ് ഒ​ട്ടി​ക്കു​ക​യും അ​തി​ന് മു​ക​ളി​ലൂ​ടെ മ​ഴ​വെ​ള്ളം ഇ​റ​ങ്ങാ​തി​രി​ക്കു​ന്ന രീ​തി​യി​ൽ ടേ​പ്പ് പ​തി​പ്പി​ച്ച് ക്ലി​പ്പു​ക​ൾ ഉ​പ​യോ​ഗി​ച്ച് ഉ​റ​പ്പി​ക്കു​ക​യും ചെ​യ്യു​ന്ന സ​ങ്കീ​ർ​ണ​മാ​യ പ്ര​ക്രി​യ​യി​ലൂ​ടെ​യാ​ണ് റെ​യി​ൻ ഗാ​ർ​ഡ് സ്ഥാ​പി​ക്കു​ന്ന​ത്. ഒ​രു മ​ര​ത്തി​ൽ റെ​യി​ൻ ഗാ​ർ​ഡ് സ്ഥാ​പി​ക്കു​ന്ന​തി​ന് ഒ​രേ​സ​മ​യം നാ​ലോ​ളം തൊ​ഴി​ലാ​ളി​ക​ളു​ടെ സേ​വ​നം ആ​വ​ശ്യ​മാ​യി വ​രു​ന്നു. എ​ന്നാ​ൽ മേ​ഖ​ല​യി​ലാ​കെ ഇ​ത്ത​രം ജോ​ലി​ക​ളി​ൽ പ​രി​ച​യ​സ​മ്പ​ന്ന​രാ​യ തൊ​ഴി​ലാ​ളി​ക​ളു​ടെ ക്ഷാ​മം രൂ​ക്ഷ​മാ​യി​രി​ക്കു​ക​യാ​ണ്. ഇ​തു​മൂ​ലം ആ​വ​ശ്യ​മാ​യ സ​മ​യ​ത്ത് റെ​യി​ൻ ഗാ​ർ​ഡ് സ്ഥാ​പി​ക്കാ​ൻ ക​ഴി​യാ​തെ നി​ര​വ​ധി തോ​ട്ടം ഉ​ട​മ​ക​ൾ ബു​ദ്ധി​മു​ട്ട് നേ​രി​ടു​ന്നു​ണ്ട്.

ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ൽ ടാ​പ്പിം​ഗ് നി​ർ​ത്തി​വെ​ച്ച തോ​ട്ട​ങ്ങ​ളും റ​ബ​ർ വി​ല​ക്കു​റ​വി​നെ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ​വ​ർ​ഷം ടാ​പ്പിം​ഗ് ന​ട​ത്താ​ത്ത തോ​ട്ട​ങ്ങ​ളും ഇ​പ്പോ​ൾ വീ​ണ്ടും ഉ​ത്പാ​ദ​ന​ത്തി​ലേ​ക്ക് മ​ട​ങ്ങാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ്. റ​ബ​ർ വി​ല മെ​ച്ച​പ്പെ​ട്ട​തോ​ടെ മ​ഴ​ക്കാ​ല ടാ​പ്പിം​ഗി​നു​ള്ള സാ​ധ്യ​ത പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​നാ​ണ് ക​ർ​ഷ​ക​രു​ടെ ശ്ര​മം.

പ്രാ​ദേ​ശി​ക റ​ബ​ർ ഉ​ത്പാ​ദ​ക സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ൾ വ​ഴി ചി​ല അ​ള​വി​ൽ പ്ലാ​സ്റ്റി​ക് സാ​മ​ഗ്രി​ക​ൾ ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ടെ​ങ്കി​ലും ഭൂ​രി​ഭാ​ഗം ക​ർ​ഷ​ക​രും തു​റ​ന്ന വി​പ​ണി​യെ ആ​ശ്ര​യി​ക്കേ​ണ്ട സാ​ഹ​ച​ര്യ​മാ​ണ്. ഇ​തോ​ടെ വി​ല​ക്ക​യ​റ്റ​ത്തി​ന്‍റെ ആ​ഘാ​തം നേ​രി​ട്ട് ക​ർ​ഷ​ക​രെ ബാ​ധി​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ വ​ർ​ഷം കി​ലോ​ഗ്രാ​മി​ന് 150 രൂ​പ​യു​ണ്ടാ​യി​രു​ന്ന റെ​യി​ൻ ഗാ​ർ​ഡ് പ്ലാ​സ്റ്റി​ക് ഷീ​റ്റി​ന് ഇ​പ്പോ​ൾ 200 രൂ​പ​യോ​ള​മാ​യി.

ടാ​ർ നി​ർ​മി​ത പ​ശ​യു​ടെ വി​ല​യും കി​ലോ​ഗ്രാ​മി​ന് ഏ​ക​ദേ​ശം 20 രൂ​പ വ​ർ​ധി​ച്ച് ശ​രാ​ശ​രി 85 രൂ​പ​യിെ​ത്തി. സാ​മ​ഗ്രി​ക​ളു​ടെ വി​ല​ക്ക​യ​റ്റ​വും തൊ​ഴി​ലാ​ളി​ക​ളു​ടെ ക്ഷാ​മ​വും പ​രി​ഹ​രി​ക്കാ​ൻ സ​ർ​ക്കാ​ർ ഇ​ട​പെ​ട​ണ​മെ​ന്ന് ക​ർ​ഷ​ക​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Latest News

Corehub Up